ഇന്ത്യ-പാക് സംഘർഷം ; താൽക്കാലികമായി അടച്ച 32 വിമാനത്താവളങ്ങൾ വീണ്ടും തുറക്കുന്നു
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് മെയ് 9ന് താൽക്കാലികമായി അടച്ചിട്ടിരുന്ന 32 വിമാനത്താവളങ്ങൾ വീണ്ടും തുറക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. യാത്രാ വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശ്രീനഗർ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിലുള്ള വിമാനത്താവളങ്ങൾ പാകിസ്ഥാൻ സൈന്യം ലക്ഷ്യമാക്കുമെന്ന് ലഭിച്ച മുന്നറിയിപ്പിനെത്തുടർന്ന് അടച്ചതായിരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് അറിയിപ്പിലുണ്ട്. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വടക്കുപടിഞ്ഞാറൻ അതിർത്തിയോട് ചേർന്ന വിമാനത്താവളങ്ങൾ വീണ്ടും പ്രവർത്തനം തുടങ്ങുന്നത്. വിമാന സർവീസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിമാനക്കമ്പനികളുമായി പരിശോധിച്ച് ഉറപ്പാക്കണമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് സുഗമമായി മടങ്ങുന്നത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.